Kerala
തിരുവനന്തപുരം: കെ.കെ. ഷൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. വ്യാഴാഴ്ച സംസ്ഥാന സമിതിയിൽ സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകും.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയും പേരാമ്പ്രയിൽ ടി.പി. രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ ആണ് ജനവിധി തേടുക.
മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ഷൈലജയുടെ കടുത്ത നീരസത്തിന് പിന്നാലെയാണ് പേരാവൂരിൽ തന്നെ ഷൈലജ മത്സരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായത്.
എം.വി. ഗോവിന്ദന് പകരം തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് ഉയരുകയാണ്.
Kerala
കണ്ണൂർ: പേരാവൂരിലെ സ്ഥാനാർഥിത്വത്തോട് പ്രതികരിച്ച് കെ.കെ.ഷൈലജ. പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആരു മത്സരിച്ചാലും ജയം ഉറപ്പാണ്. സ്ഥാനാർഥിയെ പാർട്ടി തീരുമാനിക്കും.
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ബുധനാഴ്ച ചേരും. തുടർന്ന് പട്ടിക പ്രഖ്യാപിക്കും. പേരാവൂർ ഇടതുപക്ഷത്തിന് ജയിക്കാൻ സാധിക്കുന്ന മണ്ഡലമാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വിജയിക്കുന്ന മണ്ഡലമാണ് പേരാവൂർ.
കരുത്തനായ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന നിഗമനത്തിലാണ് ഷൈലജയുടെ പേരിലേക്ക് പാർട്ടിയെത്തിയത്. ഇത്തവണയും പേരാവൂരിൽ സണ്ണി ജോസഫ് മത്സരിക്കുമെന്നാണ് സൂചന.
Kerala
കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ഷൈലജ പേരാവൂരിൽ സ്ഥാനാർഥിയാകും. മട്ടന്നൂരില് സീറ്റ് കിട്ടില്ലെന്ന ഉറപ്പായതോടെ പേരാവൂരിൽ മത്സരിക്കാന് ഷൈലജ സന്നദ്ധത അറിയിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം. മട്ടന്നൂരിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെ.കെ. ഷൈലജയ്ക്ക് അതൃപ്തി ഉണ്ടെന്ന് വാര്ത്തകള് പുറത്ത് വന്നിരുന്നു.
മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില് കെ.കെ.ഷൈലജ ചോദിച്ചിരുന്നു. 60,963 വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിലാണ് ഷൈലജ കഴിഞ്ഞ തവണ മട്ടന്നൂർ മണ്ഡലത്തിൽ ജയിച്ചത്.
2011ൽ പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫിനോട് 3,440 വോട്ടിനു ഷൈലജ പരാജയപ്പെട്ടിരുന്നു. ഇത്തവണയും സണ്ണി ജോസഫ് തന്നെയായിരിക്കും എതിരാളി.
Kerala
കണ്ണൂർ: സിപിഎം സമരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് ആദിവാസി സ്ത്രീക്ക് തൊഴിൽ നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ. കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് സംഭവത്തിൽ റിപ്പോർട്ട് തേടിയിരിക്കുന്നത്.
മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് പേരാവൂർ പഞ്ചായത്തിനോട് റിപ്പോർട്ട് തേടിയത്. ഇതേ തുടർന്ന് ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരിൽ നിന്നും വിശദീകരണം തേടും.
വെള്ളിയാഴ്ച ആയിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. വ്യാഴാഴ്ച തൊഴിലുറപ്പ് ഭേദഗതിക്കെതിരെ കണ്ണൂർ നഗരത്തിൽ നടന്ന സിപിഎം സമരത്തിൽ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖബാധിതയായിരുന്നതിനാൽ മൂന്ന് ദിവസം തൊഴിലുറപ്പിനും എത്തിയിരുന്നില്ല.
ഇതുകഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സമരത്തിൽ പങ്കെടുത്തവർ മാത്രം തൊഴിലുറപ്പിന് വന്നാൽ മതിയെന്ന് ഒരു വിഭാഗം പറഞ്ഞു. എന്നാൽ തൊഴിൽ നിഷേധിക്കപ്പെട്ട ലക്ഷ്മി ഇതുവരെ പരാതി നൽകിയിട്ടില്ല.